Saturday, October 1, 2011
അമേരിക്കന്‍ നൂറ്റാണ്ട് അവസാനിക്കാറായോ?
അമേരിക്കന്‍ നൂറ്റാണ്ട് അവസാനിക്കാറായോ?
ചൈന പണത്തിന്റെ കുന്നുകള്‍ക്കു മുകളിലാണിരിക്കുന്നത്. അതേസമയം അമേരിക്കയാകട്ടെ, കടക്കെണിയുടെ പര്‍വതക്കെട്ടുകളിലാണിരിക്കുന്നത്. കടക്കെണി മൊത്തം ആഭ്യന്തര ഉല്‌പാദനത്തിന്റെയത്രയും അഥവാ 14 ട്രില്യന്‍ ഡോളറും കടന്നിരിക്കുന്നു. അമേരിക്കന്‍ കടത്തിന്റെ വിദേശ പങ്കാളികളില്‍ ഏറ്റവും വലിയ പങ്കു ചൈനയില്‍ നിന്നാണ്. 1.2 ട്രില്യന്‍ ഡോളര്‍! ശേഷിക്കുന്നത് വിദേശ വിനിമയ കരുതല്‍.
ദരിദ്രന്‍ കടത്തില്‍ മുങ്ങുന്നത് സാധാരണമാണ്. അസ്വാഭാവികമായി ഒന്നും കാണേണ്ടതില്ല. എന്നാല്‍ ധനികന്റെ കാര്യത്തില്‍ അങ്ങനെയല്ല. വിശേഷിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍. സ്റ്റാന്റേഡ്‌സ് ആന്റ് പുവര്‍ അമേരിക്കയുടെ വായ്‌പാ റേറ്റിംഗ് കുറച്ചതിനു ശേഷം, ഏറ്റവും വലിയ കടക്കാരനെന്ന നിലയില്‍ ചൈന കടുത്ത ഉത്‌കണ്‌ഠ പ്രകടിപ്പിക്കുകയുണ്ടായി.
മുതലാളിത്ത സ്വതന്ത്ര വിപണി മാതൃക ഉപയോഗപ്പെടുത്തി സോഷ്യലിസ്റ്റ് ചൈനയുടെ സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെട്ടു തുടങ്ങി. ഏറ്റവും വലിയ മുതലാളിത്ത രാഷ്‌ട്രം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങി. മുതലാളിത്ത അമേരിക്ക സോഷ്യലിസ്റ്റ് ചൈനയ്‌ക്കു കടപ്പെട്ടിരിക്കുന്നുവെന്നത് വല്ലാത്തൊരു വിരോധാഭാസമാണ്.
ചികിത്സയ്‌ക്കു വിധേയമാക്കാത്ത ഒരു രോഗം പോലെ, കടം വലിയൊരു ബാധ്യതയായി കടക്കെണിയിലേക്കു നയിച്ചു. പുരാതന സമൂഹത്തില്‍, വായ്‌പ നല്‍കിയയാള്‍ക്കു അടിമപ്പെടുകയാണ് പതിവ്. ജംഗമസ്വത്തുക്കളുടെ നിലനില്‌പ്പിനുള്ള ഒരു വഴി. എന്നിരുന്നാലും, ഈ സാഹചര്യത്തില്‍ അമേരിക്ക പാപ്പരത്വത്തിലേക്കു വീഴുമെന്നു പ്രവചിക്കുന്നത് അപക്വമായിരിക്കും. എന്നിരുന്നാലും കടക്കെണിയിലാവുകയെന്നത് ഒരു തരം അടിമത്തമാണ്.
കടത്തിന്റെ കാരണങ്ങളെന്തായാലും അതിന്റെ പ്രത്യാഘാതം വ്യക്തമാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍, ലോകത്തെ സൂപ്പര്‍ പവര്‍ എന്ന സ്ഥാനം നിലനിര്‍ത്താന്‍ യു എസ്സിനു കഴിയില്ല. പൊതു ചെലവു കുറയ്‌ക്കാന്‍ യു എസ് ഭരണകൂടം നിര്‍ബന്ധിതമാക്കപ്പെടും. സാമ്പത്തികാഭിവൃദ്ധിയിലൂടെ നികുതി നിരക്കു വര്‍ധനയെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ യു എസ് സമ്പദ് വ്യവസ്ഥയ്‌ക്കു സാധ്യമല്ല തന്നെ. മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് വേഗതയില്‍ പോയിക്കൊണ്ടിരിക്കുകയാണത്. തങ്ങളുടെ പ്രതിരോധ ബജറ്റ് വിഹിതം ഒരു ട്രില്യന്‍ ഡോളര്‍ കുറയ്‌ക്കാന്‍ യു എസ് പദ്ധതിയിടുന്നു. ഇതു പ്രകടമായിത്തന്നെ കാണാം. അഫ്‌ഗാനില്‍ നിന്നും ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലിബിയയുടെയും സിറിയയുടെയും കാര്യത്തിലുള്ള ഉള്‍വലിച്ചില്‍ തീര്‍ച്ചയായും ഇതിന്റെ സൂചനയത്രെ.
മേഖലയില്‍ അമേരിക്കയ്‌ക്കുള്ള അധികാരവും സ്വാധീനവും ശോഷിച്ചു വരുന്നതിന്റെ സൂചനകളത്രെ ഇത്. ഇതേസമയം തന്നെ ചൈനയും ഇന്ത്യയും ബ്രസീലും വളര്‍ച്ച പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഇവയെല്ലാം സാമ്പത്തികമായും ജനസംഖ്യാപരമായും കരുത്തു നേടുകയാണ്. എന്നാല്‍ ഇത് യു എസിന്റെ ലോകശക്തിയെന്ന കരുത്തു ചോര്‍ത്തിക്കളയാന്‍ പര്യാപ്‌തമാണോ? അതെയെങ്കില്‍, അത് അര്‍ഥമാക്കുന്നത്, 20ാം നൂറ്റാണ്ടിലെ ഏകധ്രുവ ലോകത്തേക്കു തിരിച്ചുകൊണ്ടുപോകുമെന്നാണോ അല്ലെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബഹു ധ്രുവ ലോകത്തേക്കു മടക്കിക്കൊണ്ടു പോകുമെന്നാണോ?
സാമ്പത്തിക കരുത്തു ഏതൊരു രാജ്യത്തിനും പ്രധാനമാണ്, ചുരുങ്ങിയത് സൂപ്പര്‍ ശക്തികള്‍ക്ക്. ഒരു രാഷ്ട്രത്തിന്റെ ഉദയമെന്നാല്‍ അത് ഭാഗികമായി അര്‍ഥമാക്കുന്നത് സാമ്പത്തിക വിജയമാണ്. സാമ്പത്തിക കരുതലാണ്. ഇതില്‍ നിന്നൊരു ഭാഗം സൈനിക ശക്തി അഭിവൃദ്ധിപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും ദീര്‍ഘകാല നേതൃത്വം കയ്യാളാന്‍ സാമ്പത്തികവും സൈനികവുമായ മാത്രം പോരാ. ഉദാഹരണത്തിന്, ചെങ്കിസ്‌കാന്റെ നേതൃത്വത്തിലുള്ള മംഗോളിയക്കാര്‍, കടന്നു വരികയും പിടിച്ചെടുക്കയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ വേര്‍പാടോടെ ആധിപത്യം തകരുകയും ചെയ്‌തു. എന്നാല്‍, വ്യക്തമായ തത്വങ്ങളുടെയും സംവിധാനങ്ങളുടെയും അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ട റോമിലെ സാമ്രാജ്യം നൂറ്റാണ്ടുകള്‍ നിലനില്‍ക്കുകയുണ്ടായി. ഒരു നേതൃത്വത്തിന്റെ നിലനില്‌പ്പിന് ആശയപരമായ ബോധ്യവും താത്വികമായ അടിസ്ഥാനവും സാംസ്‌കാരിക മൂല്യങ്ങളും അനിവാര്യ ഘടകമാണ്.
യു എസ് ഭരണകൂടം, ജനാധിപത്യവും പുരോഗമനവാദവും മുറുകെ പിടിക്കുകയും ലോകത്ത് സാംസ്‌കാരിക മേധാവിത്വം ഉറപ്പിക്കുകയും ചെയ്‌തിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ വ്യാപനവും അമേരിക്കന്‍ സാങ്കേതിക വിദ്യയുടെ, ഭക്ഷണത്തിന്റെ, സംഗീതത്തിന്റെ, വസ്‌ത്രങ്ങളുടെ പ്രചാരണവും സുവ്യക്തമായ ഘടകങ്ങളാണ്. അമേരിക്കയെ അപേക്ഷിച്ച് ഇക്കാര്യങ്ങളെല്ലാം വളരെ കുറച്ചു പ്രാവര്‍ത്തികമാക്കിയ രാജ്യമാണ് ചൈന. അത് ക്രമേണ കമ്യൂണിസം കൈവിട്ടുകൊണ്ടിരിക്കയാണ്. 80കളില്‍ തന്നെ സ്വതന്ത്ര സാമ്പത്തിക ക്രമം പുല്‍കിയ രാജ്യമാണ് ചൈന. ജനാധിപത്യത്തിനു വേണ്ടിയുള്ള മുറവിളികള്‍ക്കും പടിഞ്ഞാറിന്റെ മൂല്യബോധത്തിനും ചൈന എപ്പോള്‍ മറുപടി നല്‍കുമെന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്നു തോന്നുന്നു. വളരെ വൈകാതെ ചൈന മറ്റൊരു മുതലാളിത്ത രാജ്യമാകുന്നത് ലോകം സാക്ഷിയാകാതിരിക്കില്ല.
അമേരിക്കയുടെ കടം ഒരു പക്ഷെ ഹ്രസ്വകാല സംഭവമായിരിക്കാം. കുറഞ്ഞ നികുതി ഘടന താങ്ങാനുള്ള ശേഷി അതിനുണ്ടാകാം. പല ബഹുരാഷ്ട്ര കുത്തകളും വളര്‍ന്നത്, കുറഞ്ഞ മൂലധനവും വിശാല വീക്ഷണവുമുള്ള ചില വ്യക്തികളുടെ സംരംഭകത്വത്തിലൂടെയാണ്. യു എസിന് ഈ പ്രതിസന്ധി മറികടക്കാനും നേതൃത്വം നിലനിര്‍ത്താനും കഴിയാതിരിക്കില്ല.
അമേരിക്കന്‍ കടത്തിന്റെ അടിസ്ഥാന കാരണം, സാമ്പത്തിക വിഷയങ്ങളെക്കാള്‍ രാഷ്‌ട്രീയ ഘടകങ്ങളാണ്. രാഷ്‌ട്രീയ ഘടകത്തിന്റെ പ്രത്യാഘാതമാണ് അമേരിക്കയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെന്നു പലരും കുറ്റപ്പെടുത്തുന്നുണ്ട്. 9/11ലെ ഭീകരാക്രമണവും അമേരിക്കന്‍ സാമ്പത്തിക ഘടനയ്‌ക്കു തിരിച്ചടിയായിട്ടുണ്ട്. അഫ്‌ഗാനിലും ഇറാഖിലും നടത്തിയ പൂര്‍ണ തോതിലുള്ള അധിനിവേശം ദശലക്ഷക്കണക്കിന് ഡോളറുകളുടെ ബാധ്യതയാണു വരുത്തിവെച്ചത്. വിയറ്റ്‌നാമിലുണ്ടായ പോലത്തെ ചെളിക്കുണ്ടിലേക്കു തള്ളിയിട്ടത് അല്‍ഖാഇദയുടെ തന്ത്രമായിരുന്നു. തങ്ങളുടെ വിഭവങ്ങളാണ് ചോര്‍ന്നുപോയത്. അമേരിക്കന്‍ നൂറ്റാണ്ട് ഒരു പിന്‍വാങ്ങലിന്റെ വക്കിലാണ്; പക്ഷെ അത് റഡാറില്‍ നിന്ന് അപ്രത്യക്ഷമായിട്ടില്ല തന്നെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment